സൗദിയിൽ ആളുകളുടെ ശരാശരി ആയുർദൈർഘ്യം ഉയർന്നതായി റിപ്പോർട്ട്. ശരാശരി പ്രായം 77.6 ആയാണ് ഉയർന്നത്. 2016ൽ ഇത് 74 വയസായിരുന്നു. ‘ആരോഗ്യമേഖല പരിവർത്തന പരിപാടിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത് . സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ പ്രോഗ്രാമുകളിലൊന്നാണ് ആരോഗ്യ മേഖല പരിവർത്തന പരിപാടി.വിവിധ ആരോഗ്യമേഖലാ സ്ഥാപനങ്ങളുടെ സഹകരണവും പ്രയത്നങ്ങളും രാജ്യത്തെ ശരാശരി ആയുർദൈർഘ്യ വർധനവിന് ആക്കം കൂട്ടി. ജീവിതത്തിെൻറ എല്ലാ മേഖലകളിലും ആരോഗ്യ പ്രോത്സാഹന നയങ്ങൾ സ്വീകരിക്കൽ, നടത്തം പോലുള്ള വ്യായാമ സംസ്കാരം പ്രോത്സാഹിപ്പിക്കൽ, ഭക്ഷണത്തിലെ ഉപ്പ് കുറക്കൽ, കലോറി വെളിപ്പെടുത്തൽ, പൊണ്ണത്തടി കുറക്കൽ എന്നിവയുൾപ്പെടെ ആരോഗ്യരംഗത്തെ കാലോചിതമായ മാറ്റങ്ങൾ പുരോഗതിക്ക് നിമിത്തമായതായി വിലയിരുത്തപ്പെടുന്നു . ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസുരക്ഷാ മുന്നൊരുക്കങ്ങൾ കാര്യക്ഷമാക്കുന്നതിനും ചെയ്യുന്ന സംവിധാനങ്ങളും വമ്പിച്ച നേട്ടങ്ങൾ കൈവരിച്ചു. രാജ്യത്തെ താമസക്കാരുടെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കിയ അടിസ്ഥാന ആരോഗ്യസേവനങ്ങളുടെ കവറേജ് 96.41 ശതമാനമായി മാറിയതും വമ്പിച്ച നേട്ടമാണ്.