വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ശറൂറ ഗവർണറേറ്റ് പരിധിയിലെ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളിൽ നഷ്ടപരിഹാര തുക നിക്ഷേപിക്കുന്നത് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൂർത്തിയാക്കിയെന്ന് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി. ഗാരൻറീഡ് ഇലക്ട്രിക്കൽ സർവിസ് സ്റ്റാൻഡേർഡുകൾക്കുള്ള ഗൈഡിന് അനുസൃതമായാണിത്. ഉപഭോക്താക്കൾ പരാതിയോ ക്ലെയിമോ സമർപ്പിക്കേണ്ട ആവശ്യമില്ലാതെയാണ് നഷ്ടപരിഹാര തുക നിക്ഷേപിച്ചതെന്നും അതോറിറ്റി വ്യക്തമാക്കി. ശറൂറ ഗവർണറേറ്റിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രയാസത്തിലായ ഉപഭോക്താക്കൾക്ക് നഷ്ടപരിപഹാരം നൽകണമെന്ന് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഇലക്ട്രിസിറ്റി കമ്പനിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കൾക്ക് 10 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകിയത്. അതോടൊപ്പം ഉപഭോക്താക്കൾക്ക് നൽകുന്ന വൈദ്യുതി സേവനം മെച്ചപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണെന്നും അതോറിറ്റി വിശദീകരിച്ചു.