തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സേവന വേതന കരാർ രജിസ്റ്റർ ചെയ്യാനുള്ള സൗദി മാനവവിഭവശേഷി മന്ത്രാലയത്തിെൻറ ‘ഖിവ’ പോർട്ടലിൽ 90 ലക്ഷത്തിൽ അധികം തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. തൊഴിലാളികളുടെ അവകാശ സംരക്ഷണം, ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, തൊഴിൽ നിയമങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, തൊഴിൽ തർക്കങ്ങളും പ്രശ്നങ്ങളും കുറയ്ക്കുക എന്നിവയാണ് ഖിവ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും തൊഴിൽ കരാറുകൾ ‘ഖിവ’യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തെ സ്വദേശികളും വിദേശികളുമായ സ്വകാര്യമേഖലയിലെ മുഴുവൻ ജീവനക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു. 80 ശതമാനമോ അതിലധികമോ ജീവനക്കാരുടെ കരാറുകൾ രേഖപ്പെടുത്താൻ പ്രതിജ്ഞാബദ്ധരായ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൻറെ സേവനങ്ങളിൽ നിന്ന് പൂർണമായി പ്രയോജനം ലഭിക്കും. പ്രൊഫഷൻ മാറ്റം, വിസ നൽകൽ, സ്പോൺഷർഷിപ്പ് മാറ്റം തുടങ്ങിയവ സേവനങ്ങൾ അതിലുൾപ്പെടും. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി കരാർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ഖിവ പോർട്ടലിൽ സാധിക്കും. തൊഴിലാളികൾക്ക് അവരുടെ കരാർ വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും പോർട്ടലിലെ അവരുടെ അക്കൗണ്ട് മുഖേന പരിഷ്‌ക്കരണം അംഗീകരിക്കാനും നിരസിക്കാനും അഭ്യർഥിക്കാനും സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.