വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പെടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ. മസ്കത്ത്, സലാല സെക്ടറുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സർവീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റ് ലഭിക്കും. ദുബൈ, ദില്ലി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്ക് ടിക്കറ്റ് നിരക്കിളവ് ബാധകമാണ്. മസ്കത്തിൽ നിന്ന് സലാല, ദുകം, ഫുജൈറ, ദുബൈ, ലാഹോർ, കറാച്ചി, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട്, ഇസ്ലാമാബാദ്, ശിറാസ് എന്നീ സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും. കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ദില്ലി, ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. സെപ്തംബർ 16നും ഡിസംബർ 15നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ഓഫർ ലഭിക്കണമെങ്കിൽ ഈ മാസം 31ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. ഏഴ് കിലോ ഹാൻഡ് ബാഗേജാണ് ഓഫർ നിരക്കിൽ അനുവദിക്കുക. അധിക ബാഗേജിന് കൂടുതൽ തുക നൽകേണ്ടി വരും.