ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ഒമാൻ പൗരന്മാരും പ്രവാസികളും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . ഉംറ യാത്രക്ക് ആരംഭിക്കുന്നതിന് അതത് ഗവർണറേറ്റുകൾക്കുള്ളിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ച് വാക്‌സിനുകൾ സ്വികരിക്കാനാവുമെന്ന് മന്ത്രാലം വ്യക്തമാക്കി .യാത്ര തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പെങ്കിലും കുത്തിവെപ്പുകൾ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനുള്ള ഒരു ഡോസ് വാക്‌സിൻ അഞ്ച് വർഷം വരെ പ്രതിരോധശേഷി നൽകുന്നു. മുമ്പ് ഇതിനെതിരെ വാക്‌സിൻ എടുത്തവർക്ക് കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ വീണ്ടും വാക്‌സിൻ സ്വീകരിക്കേണ്ട ആവിശ്യമില്ല. എന്നാൽ ഇതിന് തെളിവ് ഹാജരാക്കണം. ഇതിന് പുറമെ സീസണൽ ഇൻഫ്‌ലുവൻസ വാക്‌സിനും എടുത്തിരിക്കണം . ഇത് യാത്രയിലും തീർഥാടനത്തിലും നേരിട്ടേക്കാവുന്ന വിവിധ ഇൻഫ്‌ലുവൻസകൾക്കെതിരായ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഈ ക്ലിനിക്കുകൾ അവശ്യമായ വാക്‌സിനേഷനുകൾ, പ്രതിരോധ മരുന്നുകൾ, അവർ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെ പ്രത്യേക ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി സമഗ്രമായ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നൽകും. ഇത് ആരോഗ്യകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ സഹായകമാകുമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.