വിൻഡോസ് തകരാറു മൂലം സാങ്കേതിക തടസ്സങ്ങൾ നേരിട്ട സൗദിയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി. സൗദിയിലെ മുഴുവൻ വിമാന സർവീസുകളും സാധാരണ രീതിയിലുള്ള സർവീസുകളിലേക്ക് തിരിച്ചെത്തുകയാണ്. ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസിന്റെ സർവീസുകളെ പ്രതിസന്ധി നേരിട്ട് ബാധിച്ചിരുന്നില്ല. ബാങ്കിങ് ഉൾപ്പെടെ സാങ്കേതിക മേഖലകളിലും നേരിയ തോതിൽ മാത്രമാണ് പ്രതിസന്ധി ബാധിച്ചതെന്നും അതോറിറ്റി വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി അതാത് എയർലൈനുകളുമായി ബന്ധപ്പെടാനും അതോറിറ്റി നിർദ്ദേശിച്ചു.