ആഗോളതലത്തിലുണ്ടായ വിൻഡോസ് സാങ്കേതിക തടസ്സം യുഎഇയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങളെയും ബാധിച്ചു. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സാങ്കേതിക തകരാർ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചതിനാൽ ഓൺലൈൻ പോർട്ടലുകളിലൂടെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുതെന്നും ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. ചില സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയവും മുന്നറിയിപ്പ് നൽകി. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാങ്കേതിക തകരാറിൻറെ മറവിൽ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.