സൗദി അറേബ്യയിൽ 100 പറക്കും ടാക്സികൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് റിപോർട്ടുകൾ. ഇതിനായി ജർമൻ കമ്പനിയായ ലിലിയം എൻ.വിയുമായി സൗദി ഗ്രൂപ്പ് അന്തിമ കരാർ ഒപ്പിടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എയർ ടാക്‌സികൾ വാങ്ങുന്നതിനും രാജ്യത്തുടനീളം ഇവയുടെ വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും സൗദിയ ഗ്രൂപ്പ് 2022 ഒക്ടോബറിലായിരുന്നു പ്രാഥമിക ധാരണാപത്രം ഒപ്പുവെച്ചത്. ഇതനുസരിച്ച് നിർമിച്ച എയർ ടാക്‌സികൾ രാജ്യത്ത് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നൂറ് പറക്കും ടാക്സികൾ വാങ്ങുന്നതിലൂടെ സൗദി അറേബ്യ നിരവധി യാത്രാ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള നൂതന സേവനം ആരംഭിക്കാൻ പോകുകയാണ്. സൗദി എയർലൈൻസ് പ്രവർത്തിക്കുന്ന പ്രധാന വിമാനത്താവളങ്ങൾക്കിടയിലുള്ള എയർ റൂട്ടുകൾ ഇതിനെ പിന്തുണയ്ക്കും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് വിമാനയാത്രക്കാർക്കുള്ള പ്രത്യേക സേവനമാക്കി എയർ ടാക്സിയെ മാറ്റാനും പദ്ധതിയുണ്ട്.