ജിദ്ദ എയർപോർട്ടിൽ എമിറേറ്റ്സ് വിമാന കമ്പനിയുടെ പുതിയ ലോഞ്ച് തുറന്നു. ദുബൈക്ക് പുറമെ മിഡിലീസ്റ്റിൽ എമിറേറ്റ്സ് തുടങ്ങുന്ന ആദ്യത്തെ സ്പെഷ്യൽ ലോഞ്ചാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിൽ തുറന്നിരിക്കുന്നത്. ഒന്നാം നമ്പർ ടെർമിനലിൽ മൂന്നാം നിലയിലാണ് രണ്ട് കോടിയിലേറെ ദിർഹം ചെലവഴിച്ച് എമിറേറ്റ്സിന്റെ അത്യാഡംബര ലോഞ്ച് യാത്രക്കാർക്കായി തുറന്നിരിക്കുന്നത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, എമിറേറ്റ്സ് സ്കൈവാർഡ് ഗോൾഡൻ, പ്ലാറ്റിനം, വിഭാഗം യാത്രക്കാർക്കും ലോഞ്ച് ഉപയോഗിക്കാനാവും. വിശ്രമിക്കാനും ജോലി ചെയ്യാനും, ആഡംബര ഷവർ സൗകര്യങ്ങളും, ലക്ഷ്വറി വിഭവങ്ങൾ വിതരണം ചെയ്യുന്ന റസ്റ്റോറന്റും ഡൈനിങ് എരിയയും ലോഞ്ചിന്റെ പ്രത്യേകതകളാണ്. ജിദ്ദ സർവീസ് ആരംഭിച്ചതിന്റെ 35 ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ജിദ്ദയിൽ ലോഞ്ച് പ്രവർത്തനമാരംഭിക്കുന്നത്.