വാഹനങ്ങളിൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യുന്ന ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. വാഹനങ്ങൾ ഇനി മുതൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യും. അപകടത്തിനും രക്ഷാപ്രവർത്തനത്തിനുമിടയിലെ സമയം 40% കുറക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ . മൂന്ന് വർഷം മുമ്പ് അബൂദബിയിലെ വാഹനങ്ങളിൽ ഇ-കോൾ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. അപകടത്തിൽപെട്ടാൽ വാഹനം തന്നെ അക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യും. അപകടത്തിന്റെ വ്യാപ്തി, വാഹനത്തിന്റെ മോഡൽ, അപകടം നടന്ന സ്ഥലം, യാത്രക്കാരുടെ എണ്ണം എന്നിവ സഹിതമാണ് പൊലീസിൽ റിപ്പോർട്ട് എത്തുക. അബൂദബിയിൽ വാഹന അപകടമരണം പത്ത്ശതമാനം വരെ കുറക്കാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ പൊലീസ്, ആംബുലൻസ്, സിവിൽഡിഫൻസ് എന്നിവക്ക് അപകടസ്ഥലത്തേക്ക് കുതിച്ചെത്താനുള്ള സമയം നാലുമിനിറ്റായി കുറക്കാൻ ഇതിന് കഴിയുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.