സൗദിയിൽ ഗതാഗത നിയമലംഘന പിഴകളിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി ട്രാഫിക് വകുപ്പ്. ഗതാഗത നിയമലംഘന പിഴകൾക്ക് 25 ശതമാനം ഇളവ് ലഭിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ പണം അടയ്ക്കണമെന്ന് ട്രാഫിക് വകുപ്പ് കൂട്ടിച്ചേർത്തു. ഇളവ് വേണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ പണം തിരിച്ചടച്ചാൽ മതിയാകും. ഇളവ് ലഭിച്ചാലും ഇല്ലെങ്കിലും പിഴത്തുക നിശ്ചിത സമയത്തിനുള്ളിൽ തന്നെ അടയ്ക്കണം. അല്ലെങ്കിൽ കാലയളവ് 90 ദിവസത്തേക്ക് നീട്ടാനുള്ള അഭ്യർഥന ‘അബ്ഷിർ’പ്ലാറ്റ്ഫോം വഴി നൽകണമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി . കാലാവധി നീട്ടാൻ ആവശ്യപ്പെടാതെയും പിഴ അടക്കാതെയും ഇരുന്നാൽ വാഹനം പിടിച്ചെടുക്കലുൾപ്പടെയുള്ള മറ്റ് നിയമനടപടികൾ സ്വീകരിക്കും. ഈ വർഷം ഏപ്രിൽ 18 നാണ് സൗദിയിൽ ട്രാഫിക് പിഴകൾക്ക് വലിയരീതിയിലുള്ള ഇളവ് പ്രഖ്യാപിച്ചത്. ഇതുവരെ കുമിഞ്ഞുകൂടിയ പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക് 25 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചത്. പിഴ തുകകൾ അടയ്ക്കുന്നതിനുള്ള സമയപരിധി ഈ വർഷം ഒക്ടോബർ 18 വരെ നീട്ടിയിട്ടുണ്ട്.