യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്. ലോകത്തെ മികച്ച വിമാനക്കമ്പനിക്കുള്ള സ്കൈ ട്രാക്സ് എയർലൈൻ അവാർഡ് നേട്ടത്തിന് പിന്നാലെ യാത്രക്കാർക്കായി 10 ശതമാനം വരെ ടിക്കറ്റ് നിരക്കിളവാണ് എയർലൈൻ പ്രഖ്യാപിച്ചത്. ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് 10 ശതമാനം വരെ ഇളവ് ലഭിക്കുക. ജൂലൈ ഒന്നുമുതൽ അടുത്ത വർഷം മാർച്ച് 31 വരെയുള്ള യാത്രക്കാണ് ഈ ഇളവ് പ്രയോജനപ്പെടുത്താനാവുക. ഖത്തർ എയർവേസിന്റെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ സ്കൈ ട്രാക്സ് എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് വേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ. ബിസിനസ് ക്ലാസുകൾക്കും ഇക്കോണമി ടിക്കറ്റുകൾക്കും നിരക്ക് ഇളവ് ലഭിക്കും. യാത്രക്കാർ വോട്ടെടുപ്പിലൂടെയാണ് ലോകത്താകമാനമുള്ള 300ലേറെ വിമാക്കമ്പനികളിൽ നിന്നും ഖത്തർ എയർവേസിനെ മികച്ച വിമാനക്കമ്പനിയായി തെരഞ്ഞെടുത്തത്. ഈ സന്തോഷം യാത്രക്കാരുമായി പങ്കുവെക്കുന്നതിനാണ് താങ്ക്യു എന്ന പേരിൽ ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പരിപാടിയിലാണ് ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള 2024 സ്കൈ ട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവെയ്‌സ് നേടിയത്. ഇത് എട്ടാം തവണയാണ് ഖത്തർ എയർവേയ്സിന് ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള അവാർഡ് ലഭിക്കുന്നത്.