കുവൈത്തിലെ മാൻഗഫ് തീ പിടുത്തതിന് പിന്നാലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയർഫോഴ്സ്. കുവൈത്ത് ഫയർ ഫോഴ്സിലെ ഫയർ പ്രിവൻഷൻ സെക്ടർ ഉദ്യോഗസ്ഥർ പൊതുജന സുരക്ഷ ഉറപ്പുനൽകുന്നതിനായി തുടർച്ചയായി പരിശോധന ക്യാമ്പയിനുകളാണ് നടത്തുന്നത്. ഫയർ ഡിപ്പാർട്ട്‌മെൻറിൽ നിന്ന് ലൈസൻസ് ലഭിക്കാത്തതിൻറെ പേരിലും, ഫയർ വകുപ്പിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും തീപിടിത്തം തടയാനുള്ള സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനുമാണ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. കടകൾ, ഗാരേജുകൾ, റെസ്റ്റോറൻറുകൾ, നിക്ഷേപ കെട്ടിടങ്ങളുടെ ബേസ്‌മെൻറുകൾ, പൊതു വിപണികൾ, വ്യാവസായിക സൗകര്യങ്ങൾ എന്നിവയിലെ 76 യൂണിറ്റുകൾ ഉദ്യോഗസ്ഥർ പൂട്ടിച്ചു. നിയമലംഘനങ്ങൾക്ക് അഞ്ച് മുതൽ 50,000 കുവൈത്തി ദിനാർ വരെയാണ് പിഴ ഈടാക്കുന്നതെന്ന് ജഹ്‌റ ഗവർണറേറ്റിലെ ഫയർ പ്രിവൻഷൻ സെക്ടറിലെ ഇൻസ്പെക്‌ഷൻ സൂപ്പർവൈസർ ബ്രിഗേഡിയർ ഹസ്സൻ അൽ ഷമ്മാരി വ്യക്തമാക്കി.









