മ്യാൻമർ-തായ്ലൻഡ് അതിർത്തി മേഖല കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം വച്ചുളള വ്യാജ റിക്രൂട്ട്മെൻറ് റാക്കറ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽ നിന്നും മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്തതിന് ശേഷം തായ്ലൻഡ് Myawaddy വഴി എച്ച്പാ ലു പ്രദേശത്തേയ്ക്ക് കടത്തിയ സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. രാജ്യങ്ങളിലേയ്ക്ക് തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കുന്നവർ ബന്ധപ്പെട്ട ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെന്റിന്റെ ആധികാരികത ഉറപ്പാക്കേണ്ടതാണ് എന്ന് മുന്നറിയിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.