കുവൈത്തിലെ സാൽമിയ പ്രദേശത്തെ ഒരു കടയിൽ നിന്ന് 3,000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുള്ള സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന സ്റ്റോറിലാണ് പരിശോധന നടത്തിയത്. ഉടൻ തന്നെ സ്റ്റോർ അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും കട ഉടമയെ കൊമേഴ്സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. നിയമപരമായ നടപടികൾ ഒഴിവാക്കാൻ കട ഉടമകൾ ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ കൂട്ടിച്ചേർത്തു. എല്ലാ ഗവർണറേറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും സെൻട്രൽ മാർക്കറ്റുകളിലും പരിശോധന സംഘങ്ങൾ കർശനമായ പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.