സൗദിയിൽ പുതുതായി എത്തുന്ന വീട്ടുജോലിക്കാരുടെ ശമ്പളം ഇനി പണമായി കൈമാറരുതെന്ന് നിർദേശം. ജൂലൈ ഒന്ന് മുതൽ ശമ്പളം കൈമാറാൻ ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ആപ്പിലെ സാലറി ഐക്കൺ ഓപ്ഷൻ വഴിയാണ് ശമ്പളം നൽകേണ്ടത്. ശമ്പളം നൽകാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റൽ ആപ്പിലെ രേഖ ഉപയോഗിക്കും. തൊഴിലാളികൾക്ക് മുൻകൂർ ശമ്പളം കൈമാറാനും അഡ്വാൻസ് പേയ്മെൻറ് നൽകാനും ഇത്തരം അപ്പുകളോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരിക്കണം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും സംരക്ഷിക്കാൻ വേണ്ടിയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. റിക്രൂട്ട്മെൻറ് നടപടികൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ പരാതികൾ പരിഹരിക്കുന്നതിനുമായി ‘മുസാനിദ്’ പ്ലാറ്റ്ഫോം സംവിധാനവും നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്.