കുവൈത്തിൽ നിരോധിത സമയത്ത് നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു. ഉപഭോക്തൃ ഓർഡറുകൾ വിതരണം നടത്തിയതിന് 53 ഡെലിവറി ബൈക്കുകളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഇന്നലെ പിടിച്ചെടുത്തത്. രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ റോഡുകളിൽ മോട്ടോർബൈക്കുകളുടെ നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഹോം ഡെലിവറി കമ്പനികളെ ലക്ഷ്യമിട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ ട്രാഫിക് കാമ്പയിനെ തുടർന്നാണ് നടപടികൾ. കുവൈത്തിൽ ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ രാവിലെ 11:00 മുതൽ വൈകിട്ട് 4:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആഗസ്ത് 31 വരെ ഈ നിയന്ത്രങ്ങൾ നിലവിലുണ്ടാകുമെമെന്ന് അധികൃതർ വ്യക്തമാക്കി.