എമിറേറ്റിലെ വേഗപരിധിയുമായി ബന്ധപ്പെട്ട എട്ട് നിയമ ലംഘനങ്ങൾക്ക് 300 മുതൽ 3000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്. നിശ്ചിതവേഗതയേക്കാൾ 20 കിലോമീറ്റർ വരെ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് 300 ദിർഹമാണ് പിഴ. വേഗപരിധിയേക്കാൾ 20 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ചാൽ 600 ദിർഹവും 30 മുതൽ 40 കിലോമീറ്റർ വരെയാണെങ്കിൽ 700 ദിർഹവും പിഴ ചുമത്തും. അനുവദനീയമായ വേഗപരിധിയേക്കാൾ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ പോകുന്നവർക്ക് 1000 ദിർഹവും 50 മുതൽ 60 കിലോമീറ്റർ വരെയാണെങ്കിൽ 1500 ദിർഹവും ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ 2000 ദിർഹം പിഴയോടൊപ്പം പന്ത്രണ്ട് ബ്ലാക്ക് പോയിന്റുകളും 80 കിലോമീറ്ററിന് മുകളിലാണെങ്കിൽ 3000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തും. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് 400 ദിർഹമാണ് പിഴ ലഭിക്കുക. സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പിന്തുടരാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. നിയമലംഘകരെ പിടികൂടാനായി റോഡുകളിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.