ഹജ്ജ് അവസാനിച്ചതോടെ ഹജ്ജ്, ഉംറ മന്ത്രാലയം ഇന്നു മുതൽ ഉംറ വിസാ അപേക്ഷകൾ സ്വീകരിച്ച് വിസകൾ അനുവദിക്കാൻ തുടങ്ങി. ഉംറ സേവന മേഖലയിലുള്ള മുഴുവൻ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വിസകൾ അനുവദിക്കുന്നത്. കൂടുതൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഹജ്ജ് സീസൺ അവസാനിച്ച ശേഷം മുഹറം ഒന്നു മുതലാണ് ഉംറ വിസകൾ അനുവദിച്ചിരുന്നത്, എന്നാൽ ഈ വർഷം മുതൽ ഹജ്ജ് പൂർത്തിയായാലുടൻ ഉംറ വിസ അനുവദിക്കാൻ നേരത്തെ തിരുമാനം എടുത്തിരുന്നു. 2030 ൽ പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയർത്താനാണ് വിഷൻ 2030 ലൂടെ ലക്ഷ്യമിടുന്നത്. ബിസിനസ്, വിസിറ്റ് വിസകൾ അടക്കം ഏതു വിസയിലും സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഇപ്പോൾ ഉംറ കർമം നിർവഹിക്കാൻ സാധിക്കും. ഉംറ വിസാ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചിട്ടുമുണ്ട്. ഉംറ വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വിസാ കാലാവധിയിൽ സൗദിയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയും. ഉംറ വിസക്കാർക്ക് സൗദിയിലെ ഏതു എയർപോർട്ടുകളും അതിർത്തി പ്രവേശന കവാടങ്ങളും വഴി രാജ്യത്ത് പ്രവേശിക്കാനും അനുമതിയുണ്ട്.