മക്കയിൽ കനത്ത ചൂടിനെത്തുടർന്ന് 569 തീർഥാടകർക്ക് സൂര്യാഘാതമേറ്റു.നിരവധി ആളുകൾക്ക് തളർച്ചയും നേരിട്ടു. മുഴുവൻ ആളുകൾക്കും മതിയായ ചികിത്സയും പരിചരണവും നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർ കുടകളെടുക്കാതെ പുറത്തിറങ്ങരുതെന്നും കർമ്മങ്ങൾക്കിടയിൽ ഇടവേളകളെടുത്ത് വിശ്രമിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. രാവിലെ 11 നും ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കും ഇടയിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ദിക്കണമെന്നും മന്ത്രാലയം തീർഥാടകരെ ഓർമ്മിപ്പിച്ചു. തീർഥാടകർ സ്ഥിരമായി കുടകൾ ഉപയോഗിക്കണമെന്നും ദാഹം തോന്നിയില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്തമാവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി നിർദ്ദേശിച്ചു. ചൂടിന്റെ കാഠിന്യം കുറക്കാനും ഹാജിമാർക്ക് സൗകര്യപൂർവ്വം കർമ്മങ്ങളനുഷ്ഠിക്കാനും, പുണ്യസ്ഥലങ്ങളിൽ നിരവധി പദ്ധതികൾ നടപ്പിലാകിട്ടുള്ളതായി മന്ത്രാലയം വ്യക്തമാക്കി.