കുവൈത്ത് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കുവൈത്തുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണമെന്നും,. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ നിശ്ചയിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രിസഭായോഗം തിരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നതായും, ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.