കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും ധനസഹായം പ്രഖ്യാപിച്ചു . മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ സഹായമായി ലഭിക്കും . സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക. തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവർ കുവൈത്തിൽ പുറപ്പെടുന്നത്.