അനധികൃത ഹജ്ജ് തീർത്ഥാടനം തടയാൻ മക്കയിൽ അധികൃതരുടെ പരിശോധന കർശനമായി തുടരുന്നു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇതുസംബന്ധിച്ച് കാമ്പയിൻ നടത്തിയിരുന്നു. ഉംറ തീർത്ഥാടകർ ജൂൺ ആറിനുള്ളിൽ രാജ്യം വിടണമെന്നും സന്ദർശക വിസയിലുള്ളവർ മക്കയിലേക്ക് പ്രവേശിക്കരുതെന്നും അവിടെ താമസം തുടരരുതെന്നും അധികൃതർ നിർദ്ദേശിച്ചു. ദുൽഹജ്ജ് 15 വരെ മക്കയിൽ നിയന്ത്രണങ്ങൾ തുടരും. നിലവിൽ ഹജ്ജ് പെർമിറ്റ് ഉള്ള തീർത്ഥാടകർ, മക്കയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രമുള്ളവർ, മക്ക ഇഖാമയുള്ളവർ എന്നിവർക്ക് മാത്രമാണ് മക്കയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അനധികൃത ഹജ്ജ് സ്വീകാര്യമല്ല’ എന്ന ബോർഡുകൾ മക്കയിലും പരിസരപ്രദേശങ്ങളിലും അധികൃതർ പ്രദർശിപ്പിച്ചിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴയും നാട് കടത്തലുമാണ് ശിക്ഷ. ഹജ്ജ് സേവനത്തിന് മുതിരുന്ന സന്നദ്ധ പ്രവർത്തകരടക്കം ഇന്ത്യൻ പ്രവാസികൾ സൗദി അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും മുന്നറിയിപ്പുനൽകി.