എമിറേറ്റിലുടനീളമുള്ള പാർക്കിങ് മേഖലകളിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള ‘ഇ.വി. ഗ്രീൻ ചാർജർ’ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും, എമിറേറ്റിലെ പണമടച്ചുള്ള പാർക്കിങ് മേഖലകൾ നിയന്ത്രിക്കുന്ന പാർക്കിനും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. സുസ്ഥിരത വർധിപ്പിക്കാനും പരിസ്ഥിതിസൗഹൃദവാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ദേവ ലക്ഷ്യമിടുന്നത്. ദേവയിലെ ബിസിനസ് ഡിവലപ്മെന്റ് ആൻഡ് എക്സലൻസ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വലീദ് ബിൻ സൽമാൻ, പാർക്കിൻ സി.ഇ.ഒ. മുഹമ്മദ് അബ്ദുള്ള അൽ അലി എന്നിവർ ചേർന്നാണ് കരാർ ഒപ്പിട്ടത്. ഇതോടെ വൈദ്യുതവാഹനങ്ങൾക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായമുന്നേറ്റം നടത്താൻ പുതിയ സഹകരണം വഴിയൊരുക്കും. എമിറേറ്റിന്റെ വിവിധയിടങ്ങളിലായി 1,97,000 പാർക്കിങ് സ്ഥലങ്ങൾ കമ്പനി നൽകുന്നുണ്ട്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ
വൈദ്യുതവാഹനങ്ങൾ രജിസ്റ്റർ ചെയ്താൽ ഉപഭോക്താക്കൾക്ക് ഒരു ഇ.വി. ഗ്രീൻ ചാർജർ അക്കൗണ്ട് ദേവ നൽകും. അക്കൗണ്ട് വഴി ഒരു മണിക്കൂറിനകം അവരുടെ വാഹനങ്ങൾ ചാർജ് ചെയ്യാനും കഴിയും.