ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ ‘ആർ.ടി.എ. ആപ്പി’ന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് ഉപഭോക്തൃസംതൃപ്തി വർധിപ്പിക്കാനും സേവനങ്ങളിലേക്ക് വേഗത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനുമിത് സഹായിക്കും. ലൈസൻസ് പുതുക്കൽ, പിഴയടയ്ക്കൽ, പാർക്കിങ് ടിക്കറ്റുകൾ വാങ്ങൽ, സാലിക് ഓൺലൈൻ പേയ്മെന്റുകൾ, വൗച്ചർ ടോപ്-അപ്പ്, നോൽ ടോപ്-അപ്പ് എന്നീ അവശ്യസേവനങ്ങളാണ് നവീകരിച്ചത്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യപ്രദവും കാര്യക്ഷമവുമായ രീതി വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആർ.ടി.എ.യിലെ സ്മാർട്ട് സേവനങ്ങളുടെ മേധാവി മീര അൽ ശൈഖ് പറഞ്ഞു. ആപ്പിന്റെ പുതിയ പതിപ്പ് ഐ.ഒ.എസ്., ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.