ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകരെ മക്കയിലെത്തിക്കാൻ അതിവേഗ ഹറമൈൻ ട്രെയിൻ സൗകര്യം ലഭ്യമായതായി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 26 മുതൽ മുംബൈ എംബാർക്കേഷൻ പോയിന്റിൽ നിന്നും ജിദ്ദയിലെത്തുന്ന ഏകദേശം 30,000 ത്തോളം തീർത്ഥാടകർക്കാണ് ഈ സൗകര്യം ലഭിക്കുക. ഈ വർഷത്തെ ഹജ്ജ് സീസണിൽ 10 ലക്ഷം തീർത്ഥാടകർക്ക് ഹറമൈൻ ട്രെയിൻ സൗകര്യം ലഭ്യമാക്കുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കും ഈ സൗകര്യം ലഭ്യമായത്. തീർത്തടാകർക്ക് വിമാനത്താവളത്തിൽ നിന്നു തന്നെ ഹറമൈൻ ട്രെയിനിൽ മക്കയിലേക്ക് പോകാനാവുമെന്ന് കോൺസൽ ജനറൽ വ്യക്തമാക്കി.