യു.എ.ഇ.യിൽ സന്ദർശക, വിനോദസഞ്ചാര വിസകളിലെത്തുന്നവർ എല്ലാ യാത്രാരേഖകളും വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിൽ ഹാജരാക്കണമെന്ന് അധികൃതർ. പല രേഖകളും ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശക വിസയിലെത്തിയ പലർക്കും വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കാൻ സാധിച്ചിരുന്നില്ല. ഇതിൽ നൂറുകണക്കിന് മലയാളികളും ഉണ്ടായിരുന്നു. സന്ദർശക, ടൂറിസ്റ്റ് വിസകളിൽ വിനോദസഞ്ചാരത്തിനെത്തുന്നവർ സന്ദർശന ലക്ഷ്യം കൃത്യമായി ഇമിഗ്രേഷൻ അധികൃതരെ അറിയിക്കണം. താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്കയാത്രാ ടിക്കറ്റ് എന്നിവ അധികൃതർ ആവശ്യപ്പെട്ടാൽ കാണിക്കുകയും വേണം. ബന്ധുവിനെയോ സുഹൃത്തിനെയോ കാണാനാണ് വരുന്നതെങ്കിൽ അവരുടെ വിസ, പാസ്പോർട്ട് എന്നിവയുടെ പകർപ്പും യു.എ.ഇ.യിലെ കൃത്യമായ വിലാസം, ഫോൺ നമ്പർ എന്നിവയും കരുതണം. രാജ്യത്ത് ചെലവഴിക്കാനാവശ്യമായ പണവുമുണ്ടാകണം. ഇമിഗ്രേഷൻ അധികൃതർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം. സന്ദർശക വിസയിലെത്തി ജോലി ചെയ്യാൻ യു.എ.ഇ.യിൽ അനുവാദമില്ല. റിക്രൂട്ട്‌മെന്റ് ഏജൻസികളുടെയും ട്രാവൽ ഏജൻസികളുടെയും ഇത്തരം ജോലി വാഗ്ദാനങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങുന്നുണ്ട്. രണ്ടു മാസത്തെ സന്ദർശക വിസയിൽ അമൃത്‌സർ, ലഖ്‌നൗ തുടങ്ങിയിടങ്ങളിൽ നിന്ന് കൂട്ടമായി ആളുകളെയെത്തിച്ച് പണിയെടുപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പരിശോധന കൂടുതൽ ശക്തമാക്കിയത് എന്ന് അധികൃതർ വ്യക്തമാക്കി.