ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലിയുടെ വസതിയിലെത്തി സൂപ്പര്‍താരം രജനികാന്ത്. രജനികാന്തിനെ റോള്‍സ് റോയ്സ് കാറില്‍ ഒപ്പമിരുത്തി വീട്ടിലേക്ക് യാത്ര ചെയ്യുന്ന യൂസഫലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യൂസഫലിയുടെ അബുദാബിയിലെ വസതിയിലാണ് രജനികാന്ത് എത്തിയത്. ലുലു ഗ്രൂപ്പിന്റെ ആസ്ഥാനവും രജനികാന്ത് സന്ദർശിച്ചു. അബുദാബി നഗരത്തിലെ ലുലു ആസ്ഥാന മന്ദിരത്തിൽ നിന്ന് റോൾസ് റോയ്സ് കാറിൽ യൂസഫലി തന്നെ ഡ്രൈവ് ചെയ്താണ് രജനികാന്തിനെ വീട്ടിലേക്കു കൊണ്ടുപോയതും. തുടർന്ന് വീടിനകത്ത് ഇരുവരും സംഭാഷണം നടത്തുന്നതും വീഡിയോയിൽ കാണാം. ഏറെ സമയം അവിടെ ചെലവഴിച്ചാണ് രജനികാന്ത് മടങ്ങിയത്. തമിഴ് ചലച്ചിത്ര നിർമാതാവ് സുരേഷ് ബാലാജിയാണ് രജനികാന്ത് യൂസഫലിയോടൊത്തുള്ള വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്.