സൗദി അറേബ്യയിൽ ഒരാളുടെ മരണത്തിനിടയാക്കിയ ബോൺ തും മയോണൈസിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി യു.എ.ഇ. വിപണിയിൽ ബോൺ തും ബ്രാൻഡിന്റെ മയോണൈസ് ലഭ്യമല്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഉത്‌പന്നം യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നില്ല. മയോണൈസ് ബോട്ടിലുകൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ച് മാത്രമേ രാജ്യത്തെ വിപണിയിൽ വിൽക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. സുരക്ഷിതമല്ലാത്തതും അനാരോഗ്യകരവുമായ ഉത്‌പന്നങ്ങൾ രാജ്യത്തെ വിപണികളിൽ എത്തുന്നത് തടയാൻ ആവശ്യമായ എല്ലാ മാർഗങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. റിയാദിലെ ഹംബുർഗിനി റസ്റ്ററന്റിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ബോൺ തും ബ്രാൻഡിലുള്ള മയോണൈസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൗദി ആരോഗ്യ മന്ത്രാലയവും മുനിസിപ്പൽ മന്ത്രാലയവും ചേർന്ന് അവയുടെ വിതരണം നിർത്തിവെപ്പിച്ചിരുന്നു. ഉത്‌പാദന കേന്ദ്രം അടപ്പിക്കുകയും ചെയ്തു.









