പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ്കറ്റിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് ദിവസേന സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഗോ ഫസ്റ്റ് സർവീസ് റദ്ദാക്കിയത് മുതൽ തുടങ്ങിയ കണ്ണൂരുകാരുടെ യാത്ര പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വ്യഴാഴ്ച രാവിലെ 7.35ന് പുറപ്പെടുന്ന വിമാനം 12.30 കണ്ണൂരിലെത്തും. വെള്ളിയാഴ്ച പുലർച്ചെ 3.20ന് മസ്കത്തിൽ നിന്ന് സർവിസ് ആരംഭിക്കുന്ന വിമാനം രാവിലെ 8.15 കണ്ണൂരിലെത്തും. ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.45ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.40ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് മസ്കത്തിലേക്ക് വ്യാഴാഴ്ച പുലർച്ചെ 4.35 ന് പുറപ്പെട്ട് 6.35ന് മസ്കറ്റിലെത്തും. വെള്ളിയാഴ്ച അർധരാത്രി 12.20 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.20ന് മസ്കത്തിലെത്തും. ശനി, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് 6.45ന് പുറപ്പെട്ട് 8.45ന് മസ്കറ്റിലെത്തും.