വിൽപ്പനയ്ക്കും വാടകയ്ക്കും ലഭ്യമല്ലാത്ത വസ്തുവകകളുടെ പരസ്യങ്ങൾ ഓൺലൈനിൽ പ്രദർശിപ്പിക്കരുതെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. ചില ഏജൻസികളുടെ വെബ്സൈറ്റുകളിൽ വ്യാജപരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതായി അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. റിയൽ എസ്റ്റേറ്റ് നിയമങ്ങൾ ലംഘിച്ച ഏഴ് ഏജന്റുമാരുടെ പ്രവർത്തനാനുമതി റദ്ദാക്കുകയും ഒട്ടേറെപ്പേർക്ക് പിഴ ചുമത്തുകയും ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യപാദത്തിൽ 50 ഏജന്റുമാർക്കെതിരേ പിഴ ചുമത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത പദ്ധതിയുടെ പരസ്യം നൽകുക, തൊഴിൽ പെരുമാറ്റ നിയമം ലംഘിക്കുക തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഏജന്റുമാർക്ക് പിഴ ചുമത്തിയത്. തൊഴിൽ പെരുമാറ്റച്ചട്ടം ലംഘിച്ച സ്ഥാപനത്തിൽനിന്ന് 30,000 ദിർഹമാണ് പിഴ ഈടാക്കിയത്. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ നിലവാരം നിലനിർത്താനാണ് അതോറിറ്റി മുൻഗണന നൽകുന്നതെന്ന് അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ അധികൃതർ വ്യക്തമാക്കി