സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നൽകുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളിൽ നൽകുന്നതെന്നും ഇത്തരം തട്ടിപ്പുകാർക്ക് കടുത്ത ശിക്ഷ നൽകുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഹജ്ജ് മാർഗനിർദ്ദേശങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ഉള്ളവർ 911 ലോ അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും ഉള്ളവർ 999 ബന്ധപ്പെട്ടുകൊണ്ടോ സംശയാസ്പദമായ പ്രവർത്തനങ്ങളോ നിയമ ലംഘനങ്ങളോ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ പൊതു ജനങ്ങൾക്ക് നിർദേശം നൽകി.