എൻആർഐ അക്കൗണ്ട് ഉടമകൾക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. 10 രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് അവരുടെ ഫോൺ ഇന്ത്യൻ നമ്പറിലേക്ക് മാറാതെ തന്നെ യുപിഐ ഉപയോഗിക്കാമെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽസ് ആൻഡ് പാർട്നർഷിപ്സ് മേധാവി സിദ്ധാർഥ മിശ്ര പറഞ്ഞു. അതായത് വിദേശ ഫോൺ നമ്പർ ഉപയോഗിക്കുന്ന പ്രവാസികൾക്ക് ഇനി ഇന്ത്യയിൽ യുപിഐ പേയ്മെന്റ് നടത്താവുന്നതാണ്. എൻആർഐ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എൻആർഇ/എൻആർഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകൾ, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകൾ നടത്താം. ബാങ്കിന്റെ മൊബൈൽ ആപ് ഐ മൊബൈൽ പേയിലൂടെ ഈ സേവനം ലഭ്യമാകും. നാഷനൽ പേയ്മെന്റ്സ് കോർപറേഷന്റെ (എൻപിസിഐ) പേയ്മെന്റ് ഗേറ്റ്വേയിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. യുഎസ്, യുകെ, യുഎഇ, കാനഡ, സിംഗപ്പൂർ, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി എന്നീ 10 രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഏതെങ്കിലും ഇന്ത്യൻ ക്യൂആർ കോഡ് സ്കാൻ ചെയ്ത് എൻആർഐ ഉപഭോക്താക്കൾക്ക് യുപിഐ പേയ്മെൻറുകൾ നടത്താം.