ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘമായി മദീനയിൽ എത്തിയ ഇന്ത്യൻ തീർത്ഥാടകർക്ക് ലഭിച്ചത് ഉജ്ജ്വല വരവേൽപ്പ്. ഹൈദരാബാദിൽ നിന്നുള്ള 285 തീർത്ഥാടകരാണ് ഇന്ന് പുലർച്ചെ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറും ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയും, ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് ഇവരെ സ്വീകരിച്ചു. ജൂൺ രണ്ടാം വാരത്തിലാണ് ഹജ്ജ് കർമങ്ങൾ നടക്കുന്നത്. ആദ്യമെത്തിയ ഇന്ത്യൻ തീർത്ഥാടക സംഘത്തെ രാജകീയമായാണ് ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ ഹജ്ജ് മിഷൻ നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചത്. സ്വാഗത ഗാനം ഉരുവിട്ട് ഈത്തപ്പഴവും സംസവും നൽകിയായിരുന്നു ഇവരെ സ്വീകരിച്ചത്.