റിയാദ് ജിദ്ദയിൽ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇത് പിടികൂടിയത്. തുറമുഖം വഴി രാജ്യത്തേക്ക് കൊണ്ടുന്ന ഉരുളക്കിഴങ്ങ് ചരക്ക് കണ്ടെയ്‌നറിൽ, ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. കണ്ടെയ്‌നറുകളിൽ ഒന്നിൽ പരിശോധന നടത്തിയപ്പോൾ കണ്ടെയ്നറിൻറെ എയർ കണ്ടീഷനിങ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും കൊക്കെയ്ൻ കണ്ടെത്തിയതെന്നും അതോറിറ്റി വിശദീകരിച്ചു. നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്മെൻറിൻറെ സഹകരണത്തിൽ പിടികൂടിയ സാധനങ്ങളുടെ സൗദിയിലെ സ്വീകർത്താക്കളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും കള്ളക്കടത്തുകാരുടെ ശ്രമങ്ങൾ നിരീക്ഷണത്തിലാണെന്നും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി കൂട്ടിച്ചേർത്തു.