കൊച്ചിയിൽ നിന്നുള്ള ഈ തവണത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന് പുറപ്പെടും. പുലർച്ചെ നാലരയ്ക്കാണ് വിമാനം . സൗദി എയർലൈൻസിന്റെ മുന്നൂറിലേറെപേർക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സർവീസ് നടത്തുക. ഹജ്ജിന് അവസരം ലഭിച്ചവരിൽ 2247 പേരാണ് കൊച്ചി പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തത്. കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ നാലിന് രാവിലെ 8.30-ന് പുറപ്പെടുന്ന രീതിയിലാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. വിമാനത്താവള ഡയറക്ടർമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിമാനക്കമ്പനി, എമിഗ്രേഷൻ, കസ്റ്റംസ്, സി.ഐ.എസ്.എഫ്., സുരക്ഷ, അഗ്നിരക്ഷാസേന തുടങ്ങിയവയുടെ മേധാവികൾ പങ്കെടുത്തു. ഹജ്ജ് തീർഥാടകരുടെ യാത്രാസമയത്ത് വിമാനത്താവളത്തിൽ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും യോഗം ചർച്ചചെയ്തു. കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 44-ഉം കൊച്ചിയിൽനിന്ന് സൗദി എയർലൈൻസിന്റെ ആറും ഹജ്ജ് വിമാനങ്ങളാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.