ഒമാനിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച ഏഷ്യക്കാരായ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഒരു വൈദ്യുതി വിതരണ കമ്പനിയുടെ നിയന്ത്രണത്തിലുള്ള നിർമ്മാണ സൈറ്റുകളിൽ നിന്നായിരുന്നു മോഷണം. ഇവിടെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കൽ കേബിളുകളും വയറുകളും ഇവർ മോഷ്ടിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വരിയീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഏഷ്യൻ രാജ്യക്കാരായ പ്രവാസികളെ പിടികൂടിയത്. അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.