വധശിക്ഷ വിധിക്കപ്പെട്ടു സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ചു റഹീമിനു മാപ്പു നൽകാൻ തയാറാണെന്നു മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ അറിയിച്ചു. ദയാധനമായി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. റഹീമിനു മാപ്പു നൽകണമെന്നാവശ്യപ്പെട്ടു കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. തുടർന്നാണു ദയാധനം സ്വീകരിച്ച് മാപ്പു നൽകാൻ തയാറാണെന്നു സൗദി കുടുംബം, അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചത്. തുക കൈമാറുന്നതു സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കാൻ നിയമസഹായ സമിതി ഊർജിത ഇടപെടൽ തുടരുന്നുണ്ട്. ജോലി ചെയ്തിരുന്ന വീട്ടിലെ ഭിന്നശേഷിക്കാരനായ ബാലന്റെ മരണത്തിന് അബദ്ധവശാൽ കാരണമായതിനെ തുടർന്നാണു റഹീമിനു സൗദി കോടതി ശിക്ഷ വിധിച്ചത്. ലോകമെങ്ങുമുള്ള മലയാളികൾ കൈകോർത്തു നടത്തിയ ധനസമാഹരണത്തിലൂടെയാണു ദിയാധനമായ 34 കോടി രൂപ സമാഹരിച്ചത്.