ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യു.എ.ഇ. സാമ്പത്തികമന്ത്രി. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത ടൂറിസ്റ്റ് വിസ പ്രാബല്യത്തിലായാൽ ഗൾഫിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ലോക വിനോദസഞ്ചാരികളെത്തും. പരിസ്ഥിതി സൗഹൃദ താമസം, വന്യജീവി സംരക്ഷണം, സാംസ്കാരിക പൈതൃകം എന്നിവയെല്ലാം ഇതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ വർഷം അവസാനമോ അടുത്തവർഷമോ ഏകീകൃത ടൂറിസ്റ്റ് വിസ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക പ്രഖ്യാപനമാണിനി വരാനുള്ളത്. നടപടി പ്രാബല്യത്തിലാകുന്നതോടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഏകീകൃത വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.