ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇളവുകൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ്. നിയമലംഘനം രേഖപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴത്തുക അടയ്ക്കുന്നവർക്ക് 35 ശതമാനവും 60 ദിവസത്തിനുശേഷം അടയ്ക്കുന്നവർക്ക് 25 ശതമാനവുമാണ് ഇളവ് ലഭിക്കുക. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും നിശ്ചിത പിഴ അടയ്ക്കാത്തവർക്ക് ഇളവുകൾ ഉണ്ടായിരിക്കുന്നതല്ല. ബാങ്കുകൾ വഴി പലിശയില്ലാതെ തവണകളായും പിഴ അടയ്ക്കാൻ സൗകര്യമുണ്ട്. അബുദാബി പോലീസ് ജനറൽ കമാൻഡുമായി കരാറുള്ളതും താം സേവനങ്ങൾ നൽകുകയും ചെയ്യുന്ന ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് മുഖേനയാണ് പലിശയില്ലാതെ പണമടയ്ക്കാൻ സാധിക്കുക. ഗുരുതര ഗതാഗത നിയമലംഘനങ്ങളിലെ പിഴകൾക്ക് ഇളവുകൾ ബാധകമായിരിക്കില്ല. സ്കൂൾ ബസുകളിലെ സ്റ്റോപ്പ് ചിഹ്നങ്ങൾ അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട വീഡിയോ സന്ദേശത്തിൽ അബുദാബി പോലീസ് വ്യക്തമാക്കുന്നുണ്ട്. സ്കൂൾ ബസുകൾ നിർത്തുമ്പോൾ റോഡിന്റെ ഇരുദിശയിലുള്ള മറ്റു വാഹനങ്ങൾ അഞ്ചു മീറ്ററിൽ കുറയാത്ത അകലത്തിൽ നിർത്തണമെന്നും പോലീസ് കൂട്ടിച്ചേർത്തു.