റിയാദിലെ ഒരു റെസ്റ്റോറൻറുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ 27 പേർ തീവ്രപഹരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആറ് പേർ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ആരോപണമുയർന്ന റെസ്റ്റോറൻറും അതിൻറെ ശാഖകളും റിയാദ് മുൻസിപ്പാലിറ്റി അടച്ചുപൂട്ടിയിരുന്നു. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് തുടർ നടപടിക്രമങ്ങളും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാതെ തടയാനുള്ള മാർഗങ്ങളും സ്വീകരിച്ചുവരുന്നു. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ച് വരികയാണ്.