ഈജിപ്തിൽ കൗമരാരക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുവൈത്തിൽ അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായത്. ഈജിപ്ഷ്യൻ, കുവൈത്തി സുരക്ഷാ അധികൃതരുടെ സംയുക്ത ശ്രമത്തിലാണ് ഇയാൾ പിടിയിലായത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈജിപ്തിൽ ക്രൂരമായ കൊലപാതകം നടന്നത്. ഒരു കൗമാരക്കാരനെ കൊലപ്പെടുത്തുകയും ശരീരത്തിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുകയുമായിരുന്നു. കുവൈത്തിൽ താമസിക്കുന്ന മറ്റൊരു ഈജിപ്ഷ്യൻ യുവാവിൻറെ നിർദ്ദേശപ്രകാരമാണ് കുറ്റകൃത്യം നടത്തിയതെന്ന് ഒരു പ്രതിയെ പിടികൂടിയതോടെ ഈജിപ്ഷ്യൻ സുരക്ഷാ അധികൃതർ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പുറമേ, ഇതിൻറെ വീഡിയോയും ചിത്രീകരിച്ചിരുന്നു. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചില വെബ്‌സൈറ്റുകൾക്ക് വൻ തുകയ്ക്ക് വീഡിയോ വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കുവൈത്തിൽ താമസിക്കുന്ന ഈജിപ്ഷ്യൻ നൽകിയ നിർദ്ദേശപ്രകാരമാണ് കൊലപാതകത്തിൻറെ വീഡിയോയും എടുത്തത്. കുവൈത്തി സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർ അന്വേഷണത്തിൻറെ ഭാഗമായി ഇവരെ കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് നാടുകടത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.