വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഇന്ന് ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ് നിർദേശം. 11 വർഷത്തിന് ശേഷമായിരിക്കും അമ്മ നിമിഷ പ്രിയയെ കാണുക. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് പ്രതീക്ഷ. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.