സൗദിയിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഓൺലൈനായി ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇങ്ങിനെ സമർപ്പിക്കുന്ന കേസുകളിൽ ആദ്യ സെഷൻ കഴിഞ്ഞ് 21 ദിവസത്തിനകം ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ, ലേബർ ഓഫീസുകൾ ഇലക്ട്രോണിക് രീതിയിൽ കേസ് ലേബർ കോടതികളിൽ സമർപ്പിക്കണം. കേസിന്റെ തുടർന്നുള്ള സ്റ്റാറ്റസ് ഇരുകക്ഷികൾക്കും ഓട്ടോമാറ്റിക് മെസേജ് ആയി ലഭിക്കും. തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ഫയൽ ചെയ്യുന്ന ആദ്യഘട്ടത്തിൽ തന്നെ തൊഴിൽ തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനുള്ള ഇലക്‌ട്രോണിക് സേവനം സാധ്യമാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഊന്നിപ്പറഞ്ഞു. സൗഹാർദ്ദപരമായ ഒത്തുതീർപ്പിന്നാണ് ആദ്യ ശ്രമം ഉണ്ടാവുക. അത് സാധ്യമെങ്കിൽ ഇരുകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന സൗഹാർദ്ദപരമായ പരിഹാരത്തിൽ എത്തിച്ചേരാൻ മധ്യസ്ഥത നടത്തും. അതിലും പരിഹാരം ആയില്ലെങ്കിൽ കേസ് തീയതി മുതൽ 21 പ്രവൃത്തി ദിവസത്തിനുള്ളിൽ ലേബർ കോടതിയിലേക്ക് കേസ് റഫർ ചെയ്യും. കേസുകൾ ഇലക്‌ട്രോണിക് രീതിയിൽ സമർപ്പിക്കുന്നതിനും കേസിൻ്റെ ഔപചാരികവൽക്കരണം അവലോകനം ചെയ്യുന്നതിനുള്ള സേവനം ഉൾപ്പെടെയുള്ള സൗഹൃദ സെറ്റിൽമെൻ്റ് സേവനങ്ങൾ മന്ത്രാലയം അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പൂർണ്ണമായും ഓട്ടോമാറ്റിക് ആക്കിയിട്ടുണ്ട്. വാദം കേൾക്കുന്ന തീയതിക്ക് മുമ്പായി കേസിൻ്റെ വിശദാംശങ്ങൾ കാണാൻ വാദിയെയും പ്രതിയെയും പ്രാപ്തരാക്കുന്ന സംവിധാനമാണിത്.