ദുബൈ വിമാനത്താവളം പൂർണമായും സാധാരണ നിലയിലായതായി അധികൃതർ. ദിവസവും 1400 വിമാനങ്ങൾ എന്ന നിലയിലേക്ക് തിരിച്ചെത്തി. യാത്രക്കാരുടെ ബാഗേജുകൾ 24 മണിക്കൂറിനകം നൽകി തീർക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കനത്ത മഴ മൂലം പ്രവർത്തനം തടസ്സപ്പെട്ടതോടെ ആകെ റദ്ദാക്കേണ്ടി വന്നത് 2155 വിമാനങ്ങളാണ്. 115 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. അതേസമയം കനത്ത മഴ മൂലം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പ്രവർത്തനം തടസ്സപ്പെട്ടതിലും യാത്രക്കാർ നേരിട്ട അസൗകര്യങ്ങളിലും ദുബൈ എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് ഖേദം പ്രകടിപ്പിച്ചിരുന്നു. വിമാനത്താവളത്തിൻറെ പ്രവർത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി ദുബൈ വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.