ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയും ചെയ്തെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. ഖിസൈസ് മുഹൈസ്ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ചരിഞ്ഞത്. ഇതേ തുടർന്ന് മലയാളികൾ അടക്കം നൂറിലേറെ കുടുംബങ്ങളെയാണ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചത്. രാത്രി 8.30ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാൾ ‘മാധ്യമത്തോട് ‘ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടത്. 108 അപ്പാർട്ട്മെൻറുകളാണ് കെട്ടിടത്തിലുള്ളത്. കെട്ടിടത്തിൻറെ ഒരു വശത്ത് കേടുപാടുകൾ സംഭവിക്കുകയും, വിള്ളൽ വീഴുകയും, ഒരു വശത്തേക്ക് ചെറുതായി ചരിയുകയുമായിരുന്നെന്ന് താമസക്കാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും, ദുബൈ സിവിൽ ഡിഫൻസ് സംഘവും താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധനകൾ തുടർന്ന് വരുകയാണെന്നും, കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അധികൃതർ അറിയിച്ചു.