ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവീസുകൾ സാധാരണ നിലയിൽ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്കായി നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ എംബസി അധികൃതർ. നിലവിലെ സാഹചര്യങ്ങൾ പ്രകാരം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയും ദുബൈ വഴിയുള്ള ട്രാൻസിറ്റ് യാത്രകളും വളരെ അത്യാവശ്യമല്ലെങ്കിൽ മാറ്റിവെയ്ക്കണമെന്നാണ് പ്രധാന നിർദേശം. പുനഃക്രമീകരിച്ച വിമാന സർവീസുകളുടെ വിവരങ്ങൾ വിമാന കമ്പനിയിൽ നിന്ന് അറിയിപ്പായി ലഭിക്കുന്നത് വരെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ദുബൈ വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാർക്ക് സഹായം നൽകാനായി അവിടുത്തെ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്ലൈൻ നമ്പറുകൾ തയ്യാറായിട്ടുണ്ട്. +971501205172, +971569950590, +971507347676, +971585754213 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും എംബസി അറിയിച്ചു. ഏപ്രിൽ 19 രാത്രി 12 മണി വരെ ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു.