സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഈ മാസം അവസാനം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് മഴ തുടരുക. പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മനീഫയിൽ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റർ മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ദമാമിലെ കിങ് ഫഹദ് ടണൽ അടച്ചിടുമെന്നും കാലാവസ്ഥ സാധാരണ നിലയിലെത്തുംവരെ ഭൂഗർഭ പാത തുറക്കില്ലെന്നും കിഴക്കൻ മേഖലാ നഗരസഭ വ്യക്തമാക്കി.