ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക് ഇൻ, ബുധനാഴ്ച രാവിലെ എട്ടുമണി മുതൽ അർധരാത്രി 12 മണിവരെ സസ്പെൻഡ് ചെയ്തതായി എമിറേറ്റ്സ് എയർലൈൻ. മോശം കാലാവസ്ഥയും റോഡിലെ തടസങ്ങളും കാരണമാണ് ചെക്ക് ഇൻ താത്കാലികമായി നിർത്തിവെച്ചതെന്നാണ് എമിറേറ്റ്സിന്റെ വിശദീകരണം. യാത്രക്കാർക്ക് റീബുക്കിങ്ങിനായി ബുക്കിങ് ഏജന്റുമാരുമായോ എമിറേറ്റ്സ് കോൺടാക്ട് സെന്ററുമായോ ബന്ധപ്പെടാമെന്നും അധികൃതർ നിർദ്ദേശിച്ചു . നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും താമസം നേരിട്ടേക്കാം. അതിനാൽ ഏറ്റവും പുതിയ ഷെഡ്യൂളുകൾ അറിയാനായി യാത്രക്കാർ എമിറേറ്റ്സ് വെബ്സൈറ്റ് പരിശോധിക്കണമെന്നും കൂട്ടിച്ചേർത്തു. അതിനിടെ, അത്യാവശ്യമില്ലാത്തവർ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ദുബായ് വിമാനത്താവള അധികൃതർ നിർദേശം നൽകി. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത്. ഇവർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെ ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു.