ദുബായിൽ കനത്ത മഴയെതുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ 50 ഓളം വിമാന സർവീസുകൾ റദ്ദാക്കി. വിമാനത്താവള റൺവേയിൽ രീതിയിൽ കയറിയതോടെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകീട്ട് വരെ ദുബായിൽ നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങൾ, ദുബായിൽ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു. അഞ്ച് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. കേരളത്തിൽനിന്നുള്ള സർവീസുകളും മുടങ്ങിയിട്ടുണ്ട്. ഫ്ളൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി-ദുബായ് സർവീസ്, ഇൻഡിഗോ കൊച്ചി-ദോഹ സർവീസ്, എയർഅറേബ്യയുടെ കൊച്ചി-ഷാർജ എന്നിവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്. എയർഅറേബ്യയുടെ ഷാർജയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന സർവീസുകളെല്ലാം ഇന്നലെ വൈകീട്ട് മുതൽ മുടങ്ങി. എന്നാൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ടെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. പ്രതികൂല കാലാവസ്ഥയിൽ സർവീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഇത്തിഹാദും, എമിറേറ്റ്സും നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ബുധനാഴ്ച രാവിലെ 10 മണിവരെയുള്ള ഫ്ളൈദുബായ് വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നതായി ഇന്നലെ രാത്രി തന്നെ അധികൃതർ അറിയിച്ചിരുന്നു. പ്രധാനമായും ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾക്കാണ് തടസ്സം നേരിട്ടത്.